ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആദായ നികുതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പച്ചതോടെ തിരഞ്ഞെടുപ്പിന് ചിലവഴിക്കാൻ പണമില്ലെന്നും ഇത് മോദി സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ഇഡിയും ആദായ നികുതി വകുപ്പും ചേർന്നാണ് പാർട്ടി അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
വലിയ പിഴ ചുമത്തിയിരിക്കുകയാണ്. ജനങ്ങളുടെ പണമാണ് പാർട്ടി അക്കൗണ്ടിലുള്ളത്. ഇതാണ് കേന്ദ്രം മരവിപ്പിച്ചിരിക്കുന്നത്. ഇലക്ടറൽ ബോണ്ടിനെ കുറിച്ച് വെളിപ്പെടുത്താൻ ബിജെപി തയ്യാറാവുന്നില്ലെന്നും അതവരുടെ കള്ളത്തരം പുറത്ത് വരുന്നത് കൊണ്ടാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. മോഷണവും തെറ്റായ കാര്യങ്ങളും പുറത്ത് വരുമെന്നത് കൊണ്ടാണ് സമയം നീട്ടി ചോദിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അഞ്ചു കൊല്ലം മുമ്പ് ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികതി വകുപ്പ് മരവിപ്പച്ചത്. 210 കോടി രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ക്രൗഡ് ഫണ്ടിങ്ങിലൂടേയും അംഗത്വത്തിലൂടേയും കോൺഗ്രസ് സമാഹരിച്ച തുകയായിരുന്നു ഈ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.

