സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തും; പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

നാഗ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് പ്രഖ്യാപനം നടത്തി രാഹുൽ ഗാന്ധി. അഞ്ച് ‘മഹിളാ ന്യായ്’ ഗ്യാരന്റിയാണ് രാഹുൽ മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിർധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം, സ്ത്രീകൾക്ക് ഹോസ്റ്റൽ, ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകൾ എന്നിവരുടെ മാസശമ്പളത്തിൽ കേന്ദ്രസർക്കാരിന്റെ വിഹിതം ഇരട്ടിയാക്കും, സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കാനും അവ നടപ്പിലാക്കാനും ഓരോ പഞ്ചായത്തിലും ഒരോ അധികാർ മൈത്രിയെ നിയമിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി നൽകിയത്.

സെൻസസ് ഇല്ലാതെ വനിതാ സംവരണം കോൺഗ്രസ് നടപ്പിലാക്കും. നരേന്ദ്രമോദി വനിതാ സംവരണം ലോക്സഭയിൽ പാസാക്കി. എന്നാൽ, 10 വർഷത്തിനു ശേഷം നടക്കുന്ന സെൻസസിനു ശേഷം നിങ്ങൾക്ക് സംവരണം നൽകാമെന്നാണ് മോദി സഭയിൽ പറഞ്ഞത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഒരു സർവേയും കൂടാതെ സ്ത്രീകൾക്ക് സംവരണം നൽകുമെന്ന് അദ്ദേഹം ഇറിയിച്ചു. കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ വായ്പകൾ എഴുതിത്തള്ളും.നരേന്ദ്ര മോദി ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപ എഴുതിത്തള്ളിയിരുന്നു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഒരു വർഷത്തെ ബജറ്റ് 65,000 കോടി രൂപയാണ്. മോദി 24 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ പണമാണ് ശതകോടീശ്വരന്മാർക്ക് നൽകിയതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.