അഗ്നി-5 മിസൈലിന് പിന്നിലെ മലയാളി സാന്നിദ്ധ്യം; പെണ്‍കരുത്തിന്റെ പ്രതീകമായി ഷീന റാണി

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് അഗ്‌നി-5 മിസൈലിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കരുത്തു പകരുന്ന ഒന്നായിരുന്നു അഗ്നി 5 മിസൈലിന്റെ പരീക്ഷണം. അഗ്നി 5 മിസൈലിന്റെ പരീക്ഷണത്തിന് പിന്നിൽ ഒരു മലയാളിയുടെ പ്രയത്നം കൂടിയുണ്ട്. തിരുവനന്തപുരം സ്വദേശിയായ മലയാളി ശാസ്ത്രജ്ഞ ഷീന റാണിയാണ് ഈ പരീക്ഷണ ദൗത്യത്തിന് ചുക്കൻ പിടിച്ചത്. മിഷൻ ദിവ്യാസ്ത്ര എന്ന പേരിലാണ് അഗ്നി 5 പരീക്ഷണം നടത്തിയത്. ഡിഫൻസ് റിസേർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനിലെ(ഡിആർഡിഒ) ശാസ്ത്രജ്ഞയായ ഷീന 1999 മുതൽ അഗ്‌നി മിസൈലുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമാണ്.

ഇന്ത്യയ്ക്ക് സുരക്ഷയൊരുക്കുന്ന ഡിആർഡിഒയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ഷീന റാണി വ്യക്തമാക്കി. 25 വർഷം നീണ്ട സേവനത്തിലെ ഷീന റാണിയുടെ പ്രതിരോധ ഗവേഷണത്തിലെ പൊൻതൂവലായാണ് അഗ്‌നി-5 മിസൈലിനെ വിശേഷിപ്പിക്കുന്നത്. മൾട്ടിപ്പൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ(എംഐആർവി) സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് അഗ്നി 5 ന്റെ പ്രവർത്തനം. ഒരേ സമയം പല ലക്ഷ്യങ്ങൾ തകർക്കാൻ അഗ്നി 5 ന് ശേഷിയുണ്ട്.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ പരിശീലനം നേടിയ വ്യക്തിയാണ് ഷീന. കംപ്യൂട്ടർ സയൻസിലും ഇവർ വൈദഗ്ധ്യം സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നാണ് ഷീന റാണി ബിരുദം നേടിയത്. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ(വിഎസ്എസ്സി) എട്ടുവർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. 1998-ലെ പൊഖ്റാൻ ആണവപരീക്ഷണത്തിന് ശേഷമാണ് ഇവർ ഡിആർഡിഒയുടെ ഭാഗമായത്. ഡോ. എപിജെ അബ്ദുൾ കലാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷീനയുടെ പ്രവർത്തനം. ഡിആർഡിഒയെ നയിച്ചിരുന്ന ഡോ. അവിനാഷ് ചന്ദറും പ്രതിസന്ധി നിറഞ്ഞ കാലങ്ങളിൽ തന്നെ സഹായിച്ചിരുന്നുവെന്ന് ഷീന വെളിപ്പെടുത്തി.

ഡിആർഡിഒയിലെ മിസൈൽ വികസനത്തിൽ പങ്കാളിയായിരുന്ന പിഎസ്ആർഎസ് ശാസ്ത്രിയാണ് ഷീന റാണിയുടെ ഭർത്താവ്.