ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിയമനം. കരാർ നിയമനമാണ് നടക്കുന്നത്. ഒരു ഒഴിവാണുള്ളത്.

മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തും. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11 മണിക്ക് രജിസ്‌ട്രേഷൻ അവസാനിക്കും. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ക്ലർക്ക്/ക്ലർക്ക് കം കാഷ്യർ (കാറ്റഗറി നമ്പർ 20/2023) തസ്തികയിലേക്ക് 14.01.2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ മാർച്ച് 25, 26 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. ചുരുക്ക പട്ടികയിലെ ഉദ്യോഗാർഥികളുടെ റജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും ഇന്റർവ്യൂ നടത്തുക. ഓരോ റജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല.

യാതൊരു കാരണവശാലും ഇന്റർവ്യൂ സമയം മാറ്റി നൽകില്ല. ഇന്റർവ്യൂ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച എസ്.എം.എസ് നൽകും. മാർച്ച് 21 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.