96-ാമത് ഓസ്കർ അവാർഡുകൾ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകൾ ആരംഭിക്കും. ഓപൻഹെയ്മറും ബാർബിയും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.
23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ റ്റു കിൽ എ ടൈഗർ ആണ് ഒരേ ഒരു ഇന്ത്യൻ സാന്നിധ്യം. ജാർഖണ്ഡിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടമാണ് നിഷ പഹൂജ ഒരുക്കിയ കനേഡിയൻ ഡോക്യുമെന്ററിയിൽ പറയുന്നത്.
അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചിക്കപ്പെടുന്നത്. നടിമാരുടെ വിഭാഗത്തിൽ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും കില്ലേഴ്സ് ഓഫ് ദ ഫ്ളവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിലായിരിക്കും പോരാട്ടം.

