ഒരാളുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ തെരഞ്ഞെടുപ്പ് രംഗത്തെത്തിറങ്ങിയത്; വെളിപ്പെടുത്തി കെ ബി ഗണേഷ് കുമാർ

കൊല്ലം: തന്റെ ആദ്യ തെരഞ്ഞെടുപ്പ് കാലത്തെക്കുറിച്ച് വാചാലനായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഇടത് സ്ഥാനാർഥി മുകേഷിന്റെ പ്രചാരണത്തിനെത്തിയപ്പോഴാണ് അദ്ദേഹം തന്റെ ഓർമ്മകളെ കുറിച്ച് വാചാലനായത്. സിനിമയിൽ അഭിനയച്ചിരുന്ന കാലത്ത് ഒരൊറ്റയാളുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ തെരഞ്ഞെടുപ്പ് രംഗത്തെത്തിറങ്ങിയതെന്ന് ഗണേഷ് കുമാർ പറഞ്ഞു. അത് മറ്റാരുമല്ല, കേരളത്തിന്റെ ലീഡർ എന്നറിയിപ്പെടുന്ന സാക്ഷാൽ കെ കരുണാകരന്റെ നിർബന്ധത്തിലാണ് താൻ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതെന്നും അദ്ദേഹം അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ പത്മജക്കെതിരെ തെമ്മാടിത്തരമാണ് പറഞ്ഞതെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. ലീഡറെ കാണാൻ മുണ്ടിന്റെ അടിയിൽ പഴം തിരുകി കൊണ്ടു പോയിരുന്നവരാണ് കോൺഗ്രസുകാർ. കോൺഗ്രസ് സ്ഥാനാർത്ഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മരിച്ചു പോയവരെ പോലും വെറുതേ വിടാത്തവരാണ് കോൺഗ്രസുകാർ. അതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശം ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസുകാരിൽ രമേശ് ചെന്നിത്തല മാത്രമാണ് മാങ്കൂട്ടത്തിലിനെ എതിർത്തതെന്നും ഗണേഷ് വ്യക്തമാക്കി.

കൊല്ലത്തെ പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിക്കെതിരെ ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചു. തന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാട്. എക്‌സർസൈസ് ചെയ്യലും തമിഴ്‌നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. മണ്ണ് വാരിത്തിന്നാലും ആരും കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്യില്ല. ചെറുപ്പക്കാരനായ മകനെ ബിജെപിക്ക് വേണ്ടി ആൻറണി നേർച്ചയാക്കിയെന്നും അദ്ദേഹം പരിഹസിച്ചു.