ബന്ദിപ്പൂർ: കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരിൽ നടന്നു. വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്. ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്സിൽ ചേർന്ന യോഗത്തിൽ കേരള വനം മന്ത്രി എ കെ ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വർ ഖൺഡ്രെ, തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീൽഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകുമെന്ന് യോഗം ചർച്ച ചെയ്തു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കർണാടകവും തമ്മിൽ അന്തർ സംസ്ഥാന സഹകരണ ചാർട്ടറിൽ ഒപ്പുവെയ്ക്കുകയും ചെയ്തു. .കേരള-കർണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാർട്ടറിൽ ഒപ്പിട്ടത്. തമിഴ്നാട്ടിൽ നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തിൽ എത്താത്തതിനാൽ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാൽ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്നാടും കരാറിന്റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഉടമ്പടി. സംഘർഷ മേഖലകളിൽ സംയുക്ത ദൗത്യങ്ങൾ അതിവേഗത്തിൽ നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി. മൂന്ന് സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുന്നത്.
ആവശ്യങ്ങൾ നേടിയെടുക്കാൻ മൂന്ന് സംസ്ഥാനങ്ങളും ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കും. കരാറിന്റെ ഭാഗമായി വന്യമൃഗശല്യത്തിൽ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തർ സംസ്ഥാന ഏകോപന സമിതിയും രൂപീകരിക്കും.
യോഗത്തിൽ ചാർട്ടറിൽ ഉൾപ്പെടുത്തിയ 4 ലക്ഷ്യങ്ങൾ
- മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിൻറെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികൾ തേടുക
- പ്രശ്നങ്ങളിൽ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി
- വിഭവ സഹകരണം. വിവരം വേഗത്തിൽ കൈമാറൽ, വിദഗ്ധ സേവനം ഉറപ്പാക്കൽ
- വിഭവശേഷി വികസനം , അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.
അന്തർ സംസ്ഥാന ഏകോപന സമിതിയുടെ പ്രവർത്തന രീതി ICC (interstate coordination committee)
- ഒരു നോഡൽ ഓഫീസർ
- സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ അസി. നോഡൽ ഓഫീസർമാർ
- ഒരു ഉപദേശക സമിതി
- മൂന്ന് സംസ്ഥാനത്ത് നിന്നും അംഗങ്ങൾ
- വർക്കിങ് ഗ്രൂപ്പ് (പ്രശ്ന മേഖലയിൽ ഇടപെടാൻ )

