ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഹൈക്കോടതി

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ രൂക്ഷ പ്രതികരണവുമായി കേരള ഹൈക്കോടതി. സംഭവത്തിൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്ന് ഹൈക്കോടതി ചോദിച്ചു.

ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന് കോടതി വ്യക്തമാക്കി. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നൽകുകയും ചെയ്തു. വ്യാജ കേസിൽ കുടുക്കി തന്നെ ജയിലിലടച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. പൊതു സമൂഹത്തിൽ നിന്നുണ്ടായ അപമാനവും ജീവിതം വഴിമുട്ടിയതുമടക്കം കണക്കിലെടുക്കണമെന്ന് ഷീല സണ്ണി ഹർജിയിൽ ആവശ്യപ്പെടുന്നു.

കേസിൽ ചീഫ് സെക്രട്ടറിയുടെയും എക്‌സൈസ് കമ്മീഷണറോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. ഹർജി പരിഹണിക്കാനായി കോടതി മാറ്റി വെച്ചു.
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഷീലാ സണ്ണിയുടെ സ്‌കൂട്ടറിൽ നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ലഹരി മരുന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ലഹരി കേസാണിതെന്ന് മനസിലായത്.

ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുളള കേസ് എന്നായിരുന്നു എക്‌സൈസ് വിശദീകരണം. എന്നാൽ വ്യക്തി വൈരാഗ്യം തീർക്കാൻ ചിലർ സ്‌കൂട്ടറിനുളളിൽ ലഹരിമരുന്ന് വെച്ചെന്നായിരുന്നു പിന്നീട് കണ്ടെത്തൽ. ഷീലാ സണ്ണിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടന്നത്.