കർഷകരോട് നിഷേധാത്മക സമീപനമാണ് സർക്കാരിനുള്ളത്; വിമർശനവുമായി താമരശ്ശേരി ബിഷപ്

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ തുടർച്ചയായി മരിക്കുമ്പോഴും സർക്കാരിന് ഒരനക്കവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷകരോട് നിഷേധാത്മക സമീപനമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങൾക്ക് സുരക്ഷനൽകാൻ കഴിയുന്നില്ലെങ്കിൽ വനംമന്ത്രി രാജിവെക്കണം. ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വർഷങ്ങളായുണ്ട്. സർക്കാരിന് കൃത്യമായി സൂചന നൽകുന്നുണ്ട്. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗശല്യമുണ്ടായി. കഴിഞ്ഞവർഷങ്ങളിൽ ആയിരത്തിലധികം ആളുകൾ മരിച്ചു. എന്നിട്ടും ഒരനക്കവുമില്ലാതെയിരിക്കുന്ന സർക്കാരിന് കർഷകരോട് നിഷേധാത്മക സമീപനമാണ്. ഇതിൽ അതിയായ ദുഃഖവും വേദനയും പ്രതിഷേധവുമുണ്ട്. പ്രശ്നത്തിൽ സർക്കാർ ഇടപെട്ടേ മതിയാവൂ. കടലാക്രമണം ഉണ്ടായാൽ ആ ഭാഗത്ത് കടൽ ഭിത്തികെട്ടി സംരക്ഷിക്കും. റോഡ് അപകടമുണ്ടായാൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കും. കർഷകർ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോൾ നഗരത്തിലുള്ളവർക്ക് ആ വിഷമം മനസിലാവില്ല. നാട്ടിൽ പുലിയിറങ്ങിയാൽ വിദ്യാർഥികൾക്ക് എങ്ങനെ സ്‌കൂളിൽ പോകാൻ സാധിക്കും. കൃഷിയിടത്തിലേക്ക് എങ്ങനെ ധൈര്യമായി ഇറങ്ങാൻ സാധിക്കും. പുറമേനിന്ന് ആളുകൾ എങ്ങനെ ഈ പ്രദേശത്തേക്ക് വരും. എല്ലാം വലിയ ഭീതിയിലാവുകയല്ലേ. ആ മാനസികവ്യഥ എത്ര ശക്തമാണ്. എന്തുകൊണ്ടാണ് ഇത് മറ്റുള്ളവർക്ക് മനസിലാക്കാൻ സാധിക്കാത്തതെന്ന് അദ്ദേഹം ചോദിക്കുന്നു.

തങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് തങ്ങൾക്ക് നടത്തിത്തരണം. തങ്ങളുടെ ആവശ്യം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയെന്ന രീതിയിലല്ല ഇടപെടുന്നത്, സാമൂഹിക പ്രവർത്തകർ എന്ന നിലയിലാണ് സമീപിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്നാണ് സംസാരിക്കുന്നത്. തങ്ങളുടെ സംരക്ഷണത്തിന് സത്വരമായ നടപടിയെടുത്തേ മതിയാവൂ. വന്യമൃഗശല്യം വനംവകുപ്പിന്റെ വീഴ്ചയാണെന്നതിൽ യാതൊരു സംശയവുമില്ല. വനംവകുപ്പാണ് സംരക്ഷണം നൽകേണ്ടത്. ഒരാൾ ആക്രമിക്കാൻ വന്നാൽ സ്വയരക്ഷക്കുവേണ്ടി പ്രതിരോധം സ്വീകരിക്കാനുള്ള അവകാശമില്ലേ, കോടതിപോലും അത് അനുവദിച്ചുതരുന്നുണ്ട്. തങ്ങളുടെ പറമ്പിലേക്ക് കയറിവന്ന് മൃഗങ്ങൾ ആക്രമിക്കുമ്പോൾ സ്വയംസംരക്ഷിക്കാനുള്ള അവകാശം മാത്രം തന്നാൽ മതി. തങ്ങൾ അത് ചെയ്യുമ്പോൾ അറസ്റ്റുചെയ്യാൻ വരാതിരുന്നാൽ മതി. അതാണ് വനംവകുപ്പിന് തങ്ങൾക്കുവേണ്ടി ചെയ്തുതരാൻ കഴിയുന്ന നടപടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.