ലോകത്ത് ഏറ്റവും സന്തോഷഭരിതരായി ആളുകൾ ജീവിക്കുന്നത് എവിടെയാണെന്ന് അറിയാമോ. സ്‌കാൻഡിനേവിയൻ രാജ്യങ്ങളായ സ്വീഡൻ, ഡെൻമാർക്ക്, നോർവേ തുടങ്ങിയ സ്ഥലങ്ങളിലാണ് ലോകത്ത് ഏറ്റവും സന്തുഷ്ടരായി ആളുകൾ ജീവിക്കുന്നത്. പൊതുവെ മികച്ച ജീവിത നിലവാരമാണ് ഇവിടെ ജീവിക്കുന്നവർക്കുള്ളത്. വളരെ മനോഹരമായ ഒരു സ്ഥലമാണ് ഡെന്മാർക്ക്. ഡെൻമാർക്കിന്റെ തലസ്ഥാനമാണ് കോപ്പെൻഹേഗൻ. ഇവിടെയുള്ള പ്രധാനപ്പെട്ട ഒന്നാണ് നീഹവനിലെ ബോട്ട് ക്രൂയിസ് യാത്ര. ഡെന്മാർക്കിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ് നീഹവൻ.
17 -ാം നൂറ്റാണ്ടിലെ ഒരു തുറമുഖമായിരുന്നു നീഹവൻ. അര കിലോമീറ്ററോളം നീളത്തിലുള്ള ഒരു കനാൽ ആണ് ഇവിടം. തടിക്കപ്പലുകൾ, ആധുനിക ബോട്ടുകൾ, ആഡംബരയാനങ്ങൾ തുടങ്ങിയവ കനാലിൽ ഉണ്ട്. കനാലിന് ഇരുവശത്തും വിവിധ നിറങ്ങളിലുള്ള ടൗൺഹൗസുകൾ, വാട്ടർ ഫ്രണ്ട് റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവയും കാണാം. നിരവധി കനാൽ ടൂറുകൾ ഇവിടെ നിന്ന് പുറപ്പെടുന്നുണ്ട്. അതിനാൽ തന്നെ ധാരാളം വിനോസഞ്ചാരികളും ഇവിടെയെത്താറുണ്ട്.
1670 കളിൽ സ്വീഡിഷ് യുദ്ധത്തടവുകാരെ കൊണ്ട് നിർമ്മിച്ചതാണ് ഈ പ്രദേശം. ചരക്ക് തുറമുഖം മുതൽ നാവികർക്കുള്ള വിനോദകേന്ദ്രമായി വരെ ഇത് പരിണമിച്ചു. ഇപ്പോൾ ഇവിടം വാട്ടർഫ്രണ്ട് പ്രൊമെനേഡ് ആണ്. നീഹവൻ അതിന്റെ വൈവിധ്യമാർന്ന ചരിത്രംപോലെ ഇന്നും കോപ്പെൻഹേഗനിലെ പഴയ വീടുകളും തുറമുഖ ഭാഗങ്ങളും എല്ലാം പരിരക്ഷിക്കുന്നുണ്ട്. ഈ കാഴ്ച്ചകൾ തന്നെയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും.
ഇവിടെ ബോട്ട് യാത്ര നടത്തുന്നവർക്ക് ഹെഡ്ഫോണിലൂടെ കരയിൽ ഇരുഭാഗത്തുമുള്ള പ്രധാന കാഴ്ചകളെ പറ്റി വിശദീകരിച്ച് നൽകാറുണ്ട്. കനാലിൽ നിന്ന് ബാൾട്ടിക് സമുദ്രത്തിലേക്ക് ബോട്ട് ഇറങ്ങുമ്പോൾ ദൂരെയായി വലിയ ഫാക്ടറികളും ഓഫീസ് സമുച്ചയങ്ങളുമൊക്കെ കാണാൻ കഴിയും. ഓപ്പറ ഹൗസും, അമേലിയോബോർഗ് രാജകൊട്ടാരവും, ലിറ്റിൽ മെർമെയ്ഡ് ശില്പമുള്ള പാർക്കും, സമീപമായി ആഗോള ഷിപ്പിംഗ് മേഖലയിലെ ഭീമൻ മെർസ്‌കിന്റെ ഓഫീസും, മാർബിൾ ദേവാലയം എന്നറിയപ്പെടുന്ന പച്ച മകുടത്തോടുകൂടിയ ഫ്രെഡറിക് ദേവാലയവും ഒരു വശത്തായി കാണാം.
ഡെന്മാർക്കിന്റെ സുവർണ്ണ കാലഘട്ടം ഭരിച്ചിരുന്ന ക്രിസ്റ്റ്യൻ നാലാമൻ രാജാവിന്റെ സ്മരണകൾ പേറുന്ന മനോഹരമായ ക്രിസ്റ്റ്യൻഷാവ് കനാൽ ക്വാർട്ടേഴ്സിലൂടെയും ബോട്ട് കടന്നു പോകും. പഴയ രാജകൊട്ടാരത്തിന്റെ ഭാഗമായുള്ള കെട്ടിടങ്ങളും പിരിയൻ ഗോപുരമുള്ള ചർച്ച് ഓഫ് സേവിയർ എന്ന പള്ളിയുമൊക്കെയാണ് മറ്റ് പ്രധാന കാഴ്ച്ചകൾ. കനാലും കരയും എല്ലാം വൃത്തിയോടെ പരിപാലിക്കുന്നുവെന്നതാണ് ഇവടുത്തെ മറ്റൊരു സവിശേഷത. നിരവധി ടൗൺ ഹൗസുകളും, മധ്യകാല നിർമ്മിതികളും, ചില ആധുനിക മ്യൂസിയങ്ങളും ഇവിടെയുണ്ട്.
ലോകത്തിൽ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണ് ഡെന്മാർക്കിന്. വ്യക്തി സ്വാതന്ത്ര്യം ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്ന രാജ്യം കൂടിയാണിത്. ഈ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ഡാനിഷ് ആണ്. ഡാനിഷ് ക്രോണ്യയാണ് ഇവിടുത്തെ നാണയം.

