കൊച്ചി: വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഇയാൾക്കെതിരെയുണ്ട്. കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഇയാൾ വർഷങ്ങളോളം ജയിലിലായിരുന്നു. പുറത്തിറങ്ങിയ ശേഷം ഇയാൾ പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് ജീവിച്ചിരുന്നത്.
കട്ടപ്പന സ്വദേശിയാണ്. സന്തോഷ് മാധവൻ. സ്വാമി ചൈതന്യ എന്ന പേരിലാണ് ഇയാൾ ആദ്യം അറിയപ്പെട്ടിരുന്നത്. ശാന്തിതീരം എന്ന പേരിൽ സന്യാസാശ്രമം നടത്തിയ ഇയാൾ ഒട്ടേറെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. വഞ്ചനാക്കുറ്റങ്ങളിലും ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് വിദേശ മലയാളിയാണ് ആദ്യം ഇയാൾക്കെതിരെ പരാതി നൽകിയത്. നഗ്‌നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പിന്നീട് പരാതി ഉയർന്നു. ഇയാളുടെ ഫ്‌ളാറ്റിൽ നിന്നു ലഹരിവസ്തുക്കളും കടുവാത്തോലും പിടിച്ചെടുക്കുകയും ചെയ്തു. ഇതിനിടെ ആയുധ കള്ളക്കടത്ത് കേസിൽ ഇന്റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി പട്ടികയിലും സന്തോഷ് മാധവന്റെ പേര് ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.

