ന്യൂഡൽഹി: കേരള സർക്കാർ കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകിയില്ല. മിൽമ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബില്ലാണിത്. സർക്കാരിൻരെ ഏഴു ബില്ലുകളിൽ നാലെണ്ണം രാഷ്ട്രപതി തള്ളി. ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്.
ക്ഷീരസംഘം അഡ്മിനിസ്‌ട്രേറ്റർക്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അധികാരം നൽകുന്നതായിരുന്നു ക്ഷീരസംഘം സഹകരണ ബിൽ. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബിൽ അധികാരം നൽകിയിരുന്നു. ഇതിലൂടെ മിൽമയുടെ ഭരണം പിടിക്കാമെന്നായിരുന്നു സർക്കാർ കണക്കാക്കിയിരുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള ബില്ല്, സർവകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാൻസലർമാരെ നിർണയിക്കുന്ന സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല് എന്നിവയ്ക്ക് നേരത്തെ രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നു.
ഇനി രണ്ട് ബില്ലുകളിൽ കൂടിയാണ് രാഷ്ട്രപതിയുടെ തീരുമാനം വരാനുള്ളത്.

