മലയാളി പെൺകുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ

മംഗളൂരു: മലയാളി വിദ്യാർഥിനിക്കു നേരെ കേരളത്തിൽ നിന്നെത്തിയ മറ്റൊരു മലയാളി വിദ്യാർഥി നടത്തിയ ആസിഡ് ആക്രമണത്തിന്റെ ഞെട്ടലിലാണ് ദക്ഷിണ കന്നഡ. മലയാളി പെൺകുട്ടിയടക്കം 3 വിദ്യാർഥിനികൾക്ക് നേരെ മംഗളൂരുവിനു സമീപം കഡബയിൽ കഴിഞ്ഞ ദിവസമാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി യുവാവും എംബിഎ വിദ്യാർത്ഥിയുമായ അബിൻ അറസ്റ്റിലായി.

കഡബയിൽ സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിലെ പെൺകുട്ടിക്കു നേരെയാണ് അബിൻ ആസിഡ് ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന 2 വിദ്യാർഥിനികൾക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. 3 പേരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അബിനും പെൺകുട്ടിയും പരിചയത്തിലായിരുന്നു. പ്രണയനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാം വർഷ പിയുസി വിദ്യാർഥിനികളാണു പരുക്കേറ്റവർ. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചു. കഡബ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതി കോളജ് യൂണിഫോം ധരിച്ചിരുന്നതിനാൽ ആരും തന്നെ സംശയിച്ചിരുന്നില്ല. കോളജിലെ യൂണിഫോം പ്രതിക്ക് എവിടെ നിന്ന് കിട്ടി എന്നതു വ്യക്തമല്ല. വിദ്യാർഥിനിയുടെ മുഖത്തേക്കാണ് ആസിഡ് ഒഴിക്കാൻ ശ്രമിച്ചത്. വിദ്യാർഥിനി കണ്ണട വച്ചതിനാൽ കണ്ണിന് സാരമായ പരിക്കേറ്റില്ല. ചെവിക്കും കഴുത്തിനുമാണ് ആസിഡ് തെറിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ട് സഹപാഠികളുടെ കൈകളിലും ആസിഡ് വീണു.