ന്യൂഡൽഹി: ഭാരത് അരിക്കും, ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും വിതരണത്തിന് എത്തുന്നു. ഭാരത് പരിപ്പിന് കിലോയ്ക്ക് ഏകദേശം 89 രൂപയായിരിക്കുമെന്നാണ് വിവരം. കിലോയ്ക്ക് 93.5 രൂപ വിലമതിക്കുന്ന ചുവന്ന പരിപ്പാണ് നാലു രൂപ കുറച്ച് വിതരണം ചെയ്യുക.
കേന്ദ്രീയ ഭണ്ഡാർ, റേഷൻ കടകൾ തുടങ്ങിയവ വഴിയായിരിക്കും വിൽപ്പന നടക്കുക. ‘ആദ്യ ഘട്ടത്തിൽ, എൻഎഎഫ്ഇഡിയും(നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്), എൻസിസിഎഫും (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്) സംയുക്തമായി രാജ്യത്തുടനീളം കേന്ദ്രീയ ഭണ്ഡാർ വഴി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 27.50 രൂപയാണ് ഭാരത് ആട്ടയുടെ വില.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടി എന്ന നിലയിലാണ് കേന്ദ്രസർക്കാർ ഭാരത് റൈസ് വിതരണം ആരംഭിച്ചത്.

