ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്നു പുറത്തിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവർ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. നൂറു സ്ഥാനാർഥികളെ ഉൾപ്പെടുത്തിയായിരിക്കും സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുക.
ഇന്നലെ രാത്രി 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. പുലർച്ചെ നാലു മണിക്കാണ് ഈ യോഗം അവസാനിച്ചത്. അതേസമയം, ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നു തന്നെയാകും നരേന്ദ്ര മോദി ജനവിധി തേടുകയെന്നാണ് പുറത്തു വരുന്ന വിവരം. വാരണാസിക്കൊപ്പം മോദി ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരം മോദി മത്സരിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ്, പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ നീക്കം. ബിജെപിയെ സംബന്ധിച്ചിടത്തോളം ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയം നിർണായകമാണ്.

