തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് താത്ക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി കേരളത്തിന് ലഭിച്ചു. ഇതോടെ ഓവർഡ്രാഫ്റ്റിൽ നിന്നി ട്രഷറി കരകയറി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വൈകില്ല. മാർച്ച് മാസം സാമ്പത്തിക വർഷാവസാനമാണ്. സർക്കാരിന് 25000 കോടിയെങ്കിലും ആവശ്യമാണ്.
ഓർഡ്രാഫ്റ്റ് പരിധിയും കഴിഞ്ഞ് ട്രഷറി പ്രവർത്തനം പ്രതിസന്ധിയിലായേക്കുമെന്ന ഘട്ടത്തിലാണ് സർക്കാരിന് താൽകാലിക ആശ്വാസമെന്ന നിലയിൽ കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയത്. 2736 കോടി നികുതി വിഹിതവും ഐ ജി എസ് ടി വിഹിതവും ചേർത്താണ് തുക. ഇതോടെ ശമ്പളം പെൻഷൻ വിതരണം മുടക്കമില്ലാതെ നടക്കുമെന്ന് ഉറപ്പായി. ശമ്പള വിതരണത്തിനുള്ള നടപടികളെല്ലാം പൂർത്തിയതിനാൽ പണം അനുവദിക്കാൻ മറ്റ് തടസങ്ങളില്ലെന്നാണ് ട്രഷറി വ്യക്തമാക്കുന്നത്.
അതേസമയം, പണലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. 91 ദിവസത്തെ നിക്ഷേപത്തിന് നിലവിലുള്ള പലിശ നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കി ഉയർത്തിയാണ് നിക്ഷേപം സ്വീകരിക്കുന്നത്. മാർച്ച് 25 വരെ നിക്ഷേപിക്കുന്ന തുകക്കാണ് ഉയർന്ന പലിശ നിരക്ക് ആനുകൂല്യം ലഭിക്കുക.

