റഷ്യ- യുക്രൈൻ യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടർന്ന് കേന്ദ്രം; ചർച്ച പുരോഗമിക്കുന്നു

മോസ്‌കോ: ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കപ്പെട്ട് റഷ്യ- യുക്രൈൻ യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടർന്ന് കേന്ദ്ര സർക്കാർ. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

20 പേരാണ് റഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതരുമായി നിരന്തരം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ന്യൂഡൽഹിയിലും മോസ്‌കോയിലുമുള്ള വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ റഷ്യൻ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളിലൂടെ ഇത്തരം സാഹചര്യങ്ങളിൽ ചെന്നുപെടാതിരിക്കാൻ യുവാക്കൾ ജാഗ്രതപാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

മികച്ച ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓൺലൈൻ പരസ്യംകണ്ട് റഷ്യയിൽ എത്തിയവരാണ് ഇപ്പോൾ യുക്രൈൻ അതിർത്തിയിൽ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നത്. യുദ്ധത്തിൽ കാലിന് വെടിയേറ്റ ജമ്മു-കശ്മീർ സ്വദേശി ബന്ധുക്കളുമായി ബന്ധപ്പെട്ടതോടെയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. പുൽവാമ ജില്ലയിലെ പോഷ്വാൻ സ്വദേശിയായ ആസാദ് യൂസഫ് കുമാറാണ് കുടുംബവുമായി ബന്ധപ്പെട്ടത്.