കടമെടുപ്പ് പരിധി; കേരളത്തോട് വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തോട് വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നും ചർച്ചയുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധിയായ കെ വി തോമസ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും കെ വി തോമസും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിൽവർ ലൈൻ ഡിപിആറിൽ കേന്ദ്രത്തിന്റെ പ്രതികരണം അറിയിക്കാമെന്നും നരേന്ദ്രമോദിയുടെ ഓഫീസ് വ്യക്തമാക്കി. മുൻപ് കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേരളവും കേന്ദ്രവും ചർച്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ച പരാജയപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.

ചർച്ചയിൽ കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചർച്ചയിൽ പങ്കെടുത്തതിൽ നിന്നും വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.