തമിഴ്നാട് സർക്കാരിന്റെ പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ചെന്നൈ: തമിഴ്നാട് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉൾപ്പെടുത്തി ഐഎസ്ആർഒയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യം പുറത്തുവിട്ടതിനാണ് പ്രധാനമന്ത്രി തമിഴ്‌നാട് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കുലശേഖരപട്ടണത്തിൽ പുതുതായി തുടങ്ങുന്ന ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനു മുന്നോടിയായാണ് തമിഴ്‌നാട് സർക്കാർ പരസ്യം പുറത്തുവിട്ടത്.

ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനായിരുന്നു പരസ്യം പുറത്തുവിട്ടത്. പദ്ധതി പൂർത്തീകരിക്കുന്നതിനായി മുൻ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീർത്തിക്കുന്നതായിരുന്നു പരസ്യം. പരസ്യത്തിൽ ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ പടവുമുണ്ടായിരുന്നു. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.

ഒരു പണിയും എടുക്കാതെ വെറുതെ ക്രെഡിറ്റ് എടുക്കാൻ നടക്കുന്ന പാർട്ടിയാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തങ്ങളുടെ പദ്ധതികൾ അവരുടെ പേരിലേക്കാക്കുന്നതാണെന്ന് ആർക്കാണ് അറിയാത്തത്. എന്നാൽ, ഇപ്പോൾ അവർ പരിധികടന്നു. തമിഴ്നാട്ടിലെ ഐഎസ്ആർഒ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എടുക്കാനായി അവർ ഇന്ന് ചൈനയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അടയ്ക്കുന്ന നികുതിക്ക് അനുസരിച്ച് ഇന്ത്യൻ ബഹിരാകാശ മേഖലയിൽ ഉണ്ടാകുന്ന പുരോഗതി കാണാൻ അവർ തയ്യാറല്ല. പരസ്യം നൽകിയപ്പോൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം നൽകാൻ അവർക്കായില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും പരസ്യത്തിനെതിരെ രംഗത്തെത്തി. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഡിഎംകെ അനാദരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.