തൃശ്ശൂർ: ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. തിരുവനന്തപുരത്ത് ബിജെപിക്ക് ഒട്ടേറെ പേരുകൾ ഉയരുന്നത് നിരാശയിൽ നിന്നാണെന്നു വ്യക്തമാണെന്നും തരൂർ പറഞ്ഞു. നടി ശോഭന നല്ല സുഹൃത്താണ്. മത്സരിക്കില്ലെന്ന് അവർ ഫോണിൽ അറിയിച്ചെന്നും തരൂർ വ്യക്തമാക്കി. ഗുരുവായൂർ സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്തെ എതിരാളികളെ വിലകുറച്ച് കാണുന്നില്ല. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരേ സിപിഐ മത്സരിക്കരുത്. രാഹുൽഗാന്ധിയുടെ സീറ്റിൽ തീരുമാനമായില്ല. ഒന്നിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ സാധ്യതയുണ്ട്. രാഹുലിനെ മത്സരിപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മതത്തെയും ദൈവത്തെയും രാഷ്ട്രീയായുധമാക്കി മാറ്റുന്ന ബി.ജെ.പി. വലിയവില കൊടുക്കേണ്ടി വരും. താൻ തന്റെ വീട്ടിലെ പൂജാമുറിയിൽ രാമന്റെ ചിത്രംവെച്ച് ആരാധിക്കുന്നുണ്ട്. രാമന്റെ കോപ്പിറൈറ്റ് അവകാശം ബിജെപിക്കില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

