പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന തീരുമാനം പിൻവലിച്ച് ഫിയോക്

കൊച്ചി: പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന തീരുമാനം തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പിൻവലിച്ചു. സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് ഫിയോക് ചെയർമാൻ ദിലീപ് അറിയിച്ചത്. എന്നാൽ, ഫിയോക്കുമായി ഇനിയൊരു ചർച്ചയ്ക്ക് തയാറല്ലെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ നിലപാട്.

പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല എന്ന് തിയറ്റർ ഉടമകൾ പ്രഖ്യാപിച്ചത് ഫെബ്രുവരി 23 നാണ്. നിർമാതാക്കളുടെ സംഘടനക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് പ്രതിഷേധവുമായി ഫിയോക് രംഗത്തെത്തിയത്. പ്രൊജക്ടറുകളുടെ വില ഉയരുന്നു, നിർമാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യം, നിശ്ചിത ദിവസത്തിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം, 42 ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ഒ.ടി.ടിയിൽ ഇറക്കുന്നു തുടങ്ങിയവയായിരുന്നു തിയേറ്റർ ഉടമകൾ ഉന്നയിച്ച പരാതി.

തങ്ങളുടെ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കളെ നേരത്തേയും അറിയിച്ചിരുന്നു. എന്നാൽ നിർമാതാക്കളുടെ ഭാഗത്തുനിന്നും ഇതിനോട് അനുകൂല നിലപാടല്ല ഉണ്ടായതെന്നും ഫിയോക് വ്യക്തമാക്കിയിരുന്നു. അതേസമയം, ഒരു സിനിമ മെച്ചപ്പെട്ട നിലവാരത്തിലുള്ള സ്‌ക്രീനിൽ പ്രദർശിപ്പിക്കുക എന്നത് നിർമാതാക്കളുടെ അവകാശമാണ്, ഫിയോക്കിന്റെ ഉപരോധം തീർത്തും നിരുത്തരവാദപരമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.