കാർ അപകടം; സുരാജ് വെഞ്ഞാറമൂടിനെതിരെ നടപടി കടുപ്പിക്കാൻ എംവിഡി

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ നടപടി കടുപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്. നടന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയിലേക്ക് കടക്കുകയാണ് എംവിഡി. ജൂലൈ മാസത്തിലുണ്ടായ അപകടത്തിന് പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി മൂന്ന് തവണ സുരാജിന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ മൂന്നിലും സുരാജ് പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ നടപട സ്വീകരിക്കാൻ സുരാജ് ഒരുങ്ങുന്നത്.

ജൂലൈ മാസം 29ന് രാത്രിയാണ് അപകടം നടന്നത്. കൊച്ചി തമ്മനം കാരണക്കോടം റോഡിലാണ് നടന്റെ വാഹനം ഇടിച്ച് അപകടമുണ്ടായത്. മഞ്ചേരി സ്വദേശിയായ 31കാരന് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. പാലാരിവട്ടം പൊലീസ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നൽകിയ നോട്ടീസ് സുരാജ് കൈപ്പറ്റിയ രസീത് ആർടിഒയ്ക്ക് ലഭിച്ചിരുന്നു.

അപകടത്തിന് പിന്നാലെ എംവിഡി സുരാജിന്റെ കാർ പരിശോധിച്ചിരുന്നു. ഗതാഗത നിയമങ്ങളേക്കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്നും എംവിഡി അറിയിച്ചിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് നടൻ സുരാജ് ഓടിച്ച കാർ ഇടിച്ച് അപകടമുണ്ടാവുന്നത്. ബൈക്ക് യാത്രക്കാരനായ മലപ്പുറം സ്വദേശി ശരത്തിന്റെ വലതുകാലിലെ അസ്ഥിയ്ക്കാണ് പൊട്ടൽ ഉണ്ടായത്. നാല് വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.