സമകാലിക പ്രാദേശിക വിഷയങ്ങൾ വർഗീയവത്ക്കരിക്കൽ: സാമൂഹ്യ മാദ്ധ്യമ പോസ്റ്റുകൾ നിരീക്ഷിച്ച് പോലീസ്

തിരുവനന്തപുരം: യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകൾ കർശന നിരീക്ഷണത്തിലാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പോലീസ് സൈബർ പട്രോളിങ് നടത്തുന്നുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

അതേസമയം, വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിച്ചിരുന്നു. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐ.ജിയുടെ കീഴിൽ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സൈബർ ഹെല്പ് ലൈൻ (1930), സൈബർ പോലീസ് സ്റ്റേഷനുകൾ , ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്‌കുകൾ, ഗവേഷണപഠന സംവിധാനങ്ങൾ, പരിശീലനവിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇൻറലിജൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷൻറെ ഭാഗമായി നിലവിൽ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി അന്വേഷിക്കാൻ കേരള പോലീസിനു കഴിയും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകൾ പോലീസിന്റെ കർശന നിരീക്ഷണത്തിൽ .

വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ സൈബർ പട്രോളിങുമായി സൈബർ പോലീസ് രംഗത്ത്

കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടിക്ക് നിർദ്ദേശം