മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് മോഹൻലാലും മീനയും. ഇരുവരും ഒന്നിച്ചെത്തിയ പല സിനിമകളും വലിയ വിജയമാണ് നേടിയത്. ഇന്നും അവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. 1997 ൽ റിലീസ് ചെയ്ത വർണ്ണപകിട്ട് മുതൽ 2022 ൽ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന സിനിമ വരെ ഇതിന് ഉദാഹരണമാണ്. ദൃശ്യം 1, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദൃശ്യം 2, ചന്ദ്രോത്സവം, ഒളിമ്പ്യൻ അന്തോണി ആദം, ഉദയനാണ് താരം, നാട്ടുരാജാവ്, മിസ്റ്റർ ബ്രഹ്മചാരി തുടങ്ങിയ സിനിമകളിലെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മോഹൻലാലുമായി എങ്ങനെ കെമിസ്ട്രി വർക്ക് ചെയ്യുന്നു എന്നതിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് മീന. മീനയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ലാലേട്ടൻ ഒരു ലെജന്റാണെന്നും എന്ത് ക്യാരക്ടർ കൊടുത്താലും അദ്ദേഹം ചെയ്യുമെന്നും മീന പറഞ്ഞു. അങ്ങനത്തെ ഒരാളുടെ കൂടെയാണ് നമ്മൾ അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ് സിനിമകളിലെല്ലാം അഭിനയിച്ച ശേഷമാണ് മലയാളത്തിൽ ആദ്യമായി വർണ്ണപ്പകിട്ട് ചെയ്യുന്നത്. വളരെ കൂളായിട്ടാണ് ലാലേട്ടൻ അഭിനയിക്കുന്നത്. എങ്ങനെ ഇങ്ങനെ വളരെ എളുപ്പത്തിൽ അഭിനയിക്കാൻ കഴിയുന്നതെന്ന് താൻ ചിന്തിച്ചിട്ടുണ്ടെന്നും മീന വ്യക്തമാക്കി.
മോഹൻലാൽ അഭിനയിക്കുന്നത് വളരെ നാച്യുറലായാണ്. ഡയലോഗ് കൊണ്ടും എക്സ്പ്രഷൻസ് കൊണ്ടും അദ്ദേഹം ഓഡിയൻസിനെ കയ്യിലെടുക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. അതെല്ലാം ഞാൻ കണ്ടു പഠിക്കുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെപ്പറ്റി ആൾക്കാർ ചോദിക്കുമ്പോൾ എന്ത് ഉത്തരം നൽകണമെന്ന് തനിക്കറിയില്ല. തങ്ങൾ നല്ല സുഹൃത്തുക്കളായതു കൊണ്ടാകാം സ്‌ക്രീനിൽ തമ്മിലൊരു കെമിസ്ട്രി വർക്ക് ചെയ്യുന്നത്. എന്നാൽ, അങ്ങനെയും പറയാൻ പറ്റുവോ എന്ന് അറിയില്ല. എന്തെന്നാൽ എല്ലാവരുമായും താൻ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഒരു ജോഡിയായിട്ട് തങ്ങൾ മാറിയതിൽ വലിയ സന്തോഷമുണ്ടെന്നും മീന പറയുന്നു.

