ന്യൂഡൽഹി: അടുത്ത മൂന്നു മാസത്തേക്ക് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്ത്’ നിർത്തിവയ്ക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി അവസാന വാരത്തിലെ ‘മൻ കീ ബാത്ത്’ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം മാർച്ചിൽ നിലവിൽ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയ മര്യാദയുടെ പേരിലാണ് പരിപാടി നിർത്തിവയ്ക്കുന്നത്. സർക്കാരിന്റെ നിഴലിൽ നിന്നും അകറ്റി നിർത്തി പരിപാടിയുടെ 110 എപ്പിസോഡുകൾ നടത്താനായത് വലിയ വിജയമാണ്. രാജ്യത്തിന്റെ കൂട്ടായ ശക്തിക്കും നേട്ടങ്ങൾക്കും വേണ്ടിയാണ് പരിപാടി സമർപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു ജനങ്ങളുടെയും ജനങ്ങൾക്കുവേണ്ടിയുമുള്ള പരിപാടിയാണ്. അടുത്ത തവണ നമ്മൾ കണ്ടുമുട്ടുമ്പോൾ, മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡായിരിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപും മൻ കീ ബാത്ത് പരിപാടി നിർത്തിവച്ചിരുന്നു.

