രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലം; സുദർശൻ സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിനഗർ: ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമായ ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഓഖ മെയിൻ ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. 980 കോടിയോളം രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 2.32 കിലോമീറ്ററാണ് പാലത്തിന്റെ നീളം. നാലുവരി പാതയായാണ് പാലത്തിന്റെ ഉദ്ഘാടനം. പാലം നിർമ്മിച്ചിരിക്കുന്നത്.

ഓഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്ന പേരിലും ഈ പാലം അറിയപ്പെടുന്നു. ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും കൊണ്ടാണ് പാലത്തിലെ നടപ്പാത അലങ്കരിച്ചിരിക്കുന്നത്. ബെയ്റ്റ് ദ്വാരക എന്നത് ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ്.

സുദർശൻ സേതു പാലം തുറന്നു നൽകുന്നതോടെ ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്കും പ്രദേശവാസികൾക്കും വലിയ ആശ്വാസമാകും. 2017 ൽ ആണ് പാലത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പാലത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്.