അമ്പലങ്ങളിലും ചർച്ചിലും പള്ളിയിലും പ്രവേശിക്കാൻ എല്ലാ മതവിഭാഗത്തിനും കഴിയണം; സ്പീക്കർ

തലശ്ശേരി: അമ്പലങ്ങളിലും ചർച്ചിലും പള്ളിയിലും പ്രവേശിക്കാൻ എല്ലാ മതവിഭാഗത്തിനും കഴിയണമെന്ന് സ്പീക്കർ എ എൻ ഷംസീർ. ജഗന്നാഥക്ഷേത്രോത്സവത്തിന്റെ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഒത്തുചേരുന്ന ക്ഷേത്രമാണ് ജഗന്നാഥക്ഷേത്രം. ഇനിയും ഒത്തുചേരാൻ കഴിയണം. അതിന് പോറലേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിശ്വാസികൾക്ക് വിശ്വാസത്തെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകാം. കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ 11 കോടി രൂപ ക്ഷേത്രനവീകരണത്തിന് അനുവദിച്ചു. അടുത്ത വർഷം ഉത്സവത്തിന് ഒത്തുചേരുമ്പോൾ നവോത്ഥാന മ്യൂസിയം നിർമാണം പൂർത്തിയാകുമെന്നും സ്പീക്കർ ഉറപ്പു നൽകി. ജ്ഞാനോദയയോഗം പ്രസിഡന്റ് അഡ്വക്കേറ്റ് കെ സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അരയാക്കണ്ടി സന്തോഷ്, നാരായണൻ കാവുമ്പായി, ദീപക് ധർമടം, ടി പി ഷിജു, കണ്ട്യൻ ഗോപി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.