തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കോൺഗ്രസുകാർ പരസ്പരം കണ്ടാൽ അഭിസംബോധന ചെയ്യാറുള്ളത് സുധാകരൻ പറഞ്ഞതുപോലെയാണോയെന്ന് അദ്ദേഹം ചോദിച്ചു. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ ഇത് അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറി പോകുന്ന അവസ്ഥയാണ് കോൺഗ്രസിലേത്. കെപിസിസി പ്രസിഡന്റും ബിജെപി സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒരുപോലെയാണ്. കോൺഗ്രസിന്റെ സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരല്ല. ഇത്തരം ഒരു പരിപാടിയിൽ ബിജെപിക്ക് എതിരെയല്ലേ മുദ്രാവാക്യം ഉയരേണ്ടത്. സമരാഗ്നി കാരണം കേരളത്തിൽ ക്രമസമാധാന തകർച്ച ഉണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. ഇന്നലത്തെ കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്നെ മുദ്രാവാക്യം മനസിലായെന്നും റിയാസ് ചൂണ്ടിക്കാട്ടി.
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗം തന്നെ ആയിരിക്കും. വടകര, കോഴിക്കോട് മണ്ഡലങ്ങൾ ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.

