ബെർലിൻ: ജർമ്മനിയിൽ കഞ്ചാവ് കൈവശം വെക്കുന്നതും കൃഷി ചെയ്യുന്നതും നിയമവിധേയമാക്കുന്നതിനുള്ള വോട്ട് രേഖപ്പെടുത്തി പാർലമെന്റ്. അതേസമയം, രാജ്യത്തെ പ്രതിപക്ഷവും മെഡിക്കൽ അസോസിയേഷനും കഞ്ചാവ് കൈവശം വക്കുന്നതിനെ എതിർത്തു. ഇത് അവഗണിച്ചുകൊണ്ടാണ് ജർമ്മൻ പാർലമെന്റ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമം നിലവിൽ വരുന്നത് ഏപ്രിൽ മാസം മുതലാകും. പുതിയ നിയമ പ്രകാരം വീടുകളിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താം.
പുതിയ നിയമം നിലവിൽ വരുന്നതോടെ യുവാക്കളിൽ ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിക്കുമെന്നാണ് പ്രതിുക്ഷം അഭിപ്രായപ്പെട്ടത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്നും തുടർച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അർബുദം എന്നിവക്കും കാരണമാകുമെന്നും മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ നിയമം അനുസരിച്ച് ജർമ്മനിയിൽ ഒരാൾക്ക് പ്രതി ദിനം 25 ഗ്രാം കഞ്ചാവ് കൈവശം വെക്കാൻ സാധിക്കും. ജർമ്മനിയെ യൂറോപ്പിലെ പ്രധാനപ്പെട്ട ലിബറൽ കഞ്ചാവ് നിയമത്തിൽ ഉൾപ്പെടുത്താൻ കഴിയും. മാൾട്ടയിലും ലക്സംബർഗിലും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കിയിരുന്നു. 2021 ലാണ് മാൾട്ടയിൽ കഞ്ചാവ് നിയന്ത്രണ വിധേയമാക്കിയത്. 2023 ലാണ് ലക്‌സംബർഗിൽ ഇത് നിയന്ത്രണ വിധേയമാക്കിയത്.

