ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ സജീവം; അവർ മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തുകയാണെന്ന് കങ്കണ

മുംബൈ: ഡാർക്ക് വെബിനെതിരെ ആരോപണവുമായി നടി കങ്കണാ റനൗട്ട്. ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ സജീവമാണെന്നും, അവർ മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തുകയാണെന്നും കങ്കണ ആരോപിച്ചു. ഡാർക്ക് വെബിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും കങ്കണ മുന്നോട്ടുവെച്ചു. തട്ടിപ്പ് തടയുക ലക്ഷ്യമിട്ട് മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളിന്റെ പേര് കാണാനാകുന്ന കോളിങ് നെയിം പ്രസന്റേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ വാർത്ത പങ്കുവച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിലാണ് കങ്കണ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ബോളിവുഡിലെ ചില പ്രമുഖർ ഡാർക്ക് വെബിലുണ്ട്. പല നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്യുകയാണവരെന്ന് കങ്കണ ചൂണ്ടിക്കാട്ടി. അവർ മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ചോർത്തിയെടുക്കുന്നു. വാട്സാപ്പും, ഇ മെയിലുമെല്ലാം ഹാക്ക് ചെയ്ത് വിവരങ്ങളെടുക്കുകയാണവർ. അവരെ പിടികൂടിയാൽ പല ഉന്നതരും വെളിച്ചത്താകും. അതിനായി ഡാർക്ക് വെബിനെതിരെയും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് കങ്കണ പറഞ്ഞു.