ബെംഗളുരു: കർണാടകയിലെ റോഡ് വികസനത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. 13458 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ദേശീയ പാതയടക്കമുള്ള റോഡുകളുടെ വികസനം പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കർണാടകയിലെ ആധുനിക റോഡ് കണക്റ്റിവിറ്റിയുടെ സുപ്രധാനമായ മുന്നേറ്റമാകും ഇതിലൂടെ സാധ്യമാകുകയെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഏറ്റവുമധികം തുക പ്രഖ്യാപിച്ചിരിക്കുന്നത് ബെലഗാവിയിലും ശിവമോഗയിലുമാണ്.
ബെലഗാവിയിൽ മാത്രം 7,290 കോടി രൂപയുടെ പദ്ധതികളാണ് നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. തന്ത്രപ്രധാനമായ ബെലഗാവിയിലെ റോഡ് വികസനം മേഖലയെ ഒരു ലോകോത്തര വികസിത സ്ഥലമാക്കി മാറ്റാൻ പദ്ധതി ഉപകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. കർണാടകയുടെ സാമ്പത്തിക വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും റോഡ് വികസനം നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക, ടൂറിസം മേഖലകളെയും ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശിവമോഗയിൽ 6,168 കോടി രൂപയുടെ പദ്ധതികളാണുള്ളത്. ഹംപി, ഐഹോളെ, പട്ടടകല്ല്, ബദാമി തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് അടക്കം ഗുണം ചെയ്യുന്ന പദ്ധതികളാണ് ശിവമോഗയിൽ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

