വടകരയിൽ ശൈലജ ടീച്ചർക്ക് ദയനീയമായ പരാജയം നേരിടേണ്ടി വരും; കെ കെ രമ

കോഴിക്കോട്: ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി കെ കെ ശൈലജ വടകരയിൽ നിന്ന് മത്സരിക്കുന്നുവെന്ന വാർത്തകളിൽ പ്രതികരണവുമായി കെ കെ രമ. വടകര ലോക്സഭാ മണ്ഡലത്തിൽ ശൈലജ ടീച്ചർക്ക് വളരെ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് രമ പറഞ്ഞു. വടകരയിൽ ശൈലജ ടീച്ചർ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും രമ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടാണ് രമ ഇക്കാര്യം അറിയിച്ചത്.

ശൈലജ ടീച്ചർ സിപിഎമ്മിന്റെ വക്താവണല്ലോ. പാർട്ടിയുടെ എല്ലാ കൊള്ളരുതായ്മകളേയും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ആളാണ് കെ കെ ശൈലജ. ആ പാർട്ടിയുടെ നേതാവല്ലേ, അതുകൊണ്ട് തന്നെ വ്യക്തി മാറിയത് കൊണ്ട് മാത്രം കാര്യമില്ല. സിപിഎമ്മിൽ വ്യക്തികൾക്കല്ല, പാർട്ടിക്കാണല്ലോ പ്രാധാന്യം. ഏതെങ്കിലും തരത്തിൽ ഒരു സീറ്റ് എങ്ങനെയെങ്കിലും ഉറപ്പിക്കാനാവുമോ എന്ന കാര്യമാണ് പാർട്ടി നോക്കുന്നതെന്നും രമ ചൂണ്ടിക്കാട്ടി. ശൈലജ ടീച്ചർ മത്സരരംഗത്തേക്കെത്തുന്നത് കൊണ്ട് ആർഎംപിയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും കെ കെ രമ കൂട്ടിച്ചേർത്തു.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയിൽ കഴിഞ്ഞ ദിവസമാണ് തീരുമാനമായത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഫെബ്രുവരി 26 നായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കരുത്തരായ നേതാക്കളെയാണ് ഇത്തവണ സിപിഎം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.

ആലത്തൂരിൽ കെ രാധാകൃഷ്ണനും വടകരയിൽ കെ കെ ശൈലജയും തോമസ് ഐസക്ക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. ആലത്തൂരിൽ എ എം ആരിഫും കൊല്ലത്ത് എം മുകേഷുമാണ് മത്സരിക്കുക.

മുൻ മുസ്ലീം ലീഗ് നേതാവ് കെ എസ് ഹംസയാണ് പൊന്നാനിയിലെ സിപിഎം സ്ഥാനാർത്ഥി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് മലപ്പുറത്ത് സ്ഥാനാർത്ഥിയാകും. ചാലക്കുടിയിൽ മുൻ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ ജെ ഷൈൻ, പാലക്കാട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ, കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, കാസർകോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, ആറ്റിങ്ങലിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവരാണ് സ്ഥാനാർത്ഥികൾ.