തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ റിപ്പോർട്ട് നൽകി കേരളാ സർവ്വകലാശാല വൈസ് ചാൻസലർ. കേരള സർവകലാശാല സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് വിസി റിപ്പോർട്ട് സമർപ്പിച്ചത്. വിസി വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലയ്ക്ക് അദ്ധ്യക്ഷയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ചട്ട ലംഘനമാണെന്ന് പറഞ്ഞിട്ടും മന്ത്രി അദ്ധ്യക്ഷയായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചാൻസലറുടെ അസാന്നിദ്ധ്യത്തിൽ തനിക്ക് അദ്ധ്യക്ഷ ആകാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയിൽ ഇല്ലാത്തതായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. യോഗത്തിൽ ഉയർന്ന പേരുകളും വിസി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേരും കൈമാറി.
അതേസമയം, വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന കേരള സർവകലാശാല സെനറ്റ് യോഗ തീരുമാനം ഗവർണർ റദ്ദാക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയവുമായി ബന്ധപ്പെട്ട് നിയമോപദേശവും തേടിയിരുന്നു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ ഗവർണറെ സന്ദർശിച്ച് സെനറ്റ് യോഗത്തിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

