കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന പരാതിയിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്റെ കോടതി എതിർപ്പ് തള്ളി.
അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പ്രിൻസിപ്പൽ സെഷൻസ് ഹണി എം വർഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാണ് അതിജീവിതയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത നൽകിയ അപേക്ഷ നേരത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയിരുന്നു ഇതിന് പിന്നാലെയാണ് ആവശ്യവുമായി നടി ഹൈക്കോടതിയിലെത്തിയത്.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്റെ അവകാശം ലംഘിക്കുകയാണെന്ന് നടി വാദിച്ചിരുന്നു. റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്നും പകർപ്പ് നടിയ്ക്ക് കൈമാറരുതെന്നുമായിരുന്നു ദിലീപ് ഉന്നയിച്ച ആവശ്യം.

