ന്യായ് യാത്രക്കിടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് അസം പോലീസ്

ഗുവാഹത്തി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് അസം പോലീസ്. ന്യായ് യാത്രക്കിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാരോപിച്ചാണ് അസം പോലീസ് രാഹുലിന് സമൻസ് അയച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, ഗൗരവ് ഗോഗോയ്, ഉൾപ്പെടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അസമിലെ ന്യായ് യാത്ര തടഞ്ഞതിന് പിന്നാലെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നിരുന്നു. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചക്ക് 2 മണി വരെ നിർത്തിവെച്ചിരുന്നു. ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ രാഹുൽഗാന്ധിയ്ക്ക് ഇന്ന് കോടതിയിൽ ഹാജരാകണമായിരുന്നു. അതിനാലാണ് ഭാരത് ജോഡോ യാത്ര നിർത്തിവെച്ചത്.

2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുൽ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽഗാന്ധി കോടതിയിൽ ഹാജരായിരുന്നില്ല.