കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് കർണാടകയുടെ സഹായം; 15 ലക്ഷം രൂപ നൽകും

ബെംഗളൂരു: വയനാട് മാനന്തവാടിയിൽ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് ധനസഹായം നൽകാൻ കർണാടക സർക്കാർ. അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം കർണാടക പ്രഖ്യാപിച്ചു. വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കർണാടക വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട മോഴ ബേലൂർ മഘ്നയാണ് അജീഷിനെ ചവിട്ടി കൊന്നത്. ഫെബ്രുവരി 10-നാണ് അജീഷിനെ കാട്ടാന ആക്രമിച്ചത്. കർണാടക പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്.

ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. രക്ഷപ്പെടുന്നതിനിടയിൽ ജോമോൻ എന്നയാളുടെ വീട്ടിലേക്ക് ചാടി കയറുന്നതിനിടെ അജീഷ് നിലതെറ്റി താഴേക്ക് വീണു. പിന്നാലെ പാഞ്ഞടുത്ത ബേലൂർ മഘ്ന എന്ന കാട്ടാന വീടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജീഷിനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വയനാട്ടിൽ വനംവകുപ്പ് താത്കാലിക വാച്ചർ പാക്കം സ്വദേശി വി പി പോളും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കുറുവാദ്വീപിന് സമീപത്തുവച്ചായിരുന്നു പോളിന് നേരെ ആക്രമണം നടന്നത്.

അതേസമയം, വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വന സംരക്ഷണ സമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ല.