കൽപ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വന സംരക്ഷണ സമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ല.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വയനാട് സന്ദർശിക്കും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ അദ്ദേഹം സന്ദർശിക്കും. നേരത്തെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ വയനാട് സന്ദർശനം മാറ്റിവെച്ചിരുന്നു.
രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തിയിരുന്നു. വന്യജീവി പ്രശ്നങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി കൂടി സഹകരിച്ച് പരിഹാര മാർഗങ്ങൾ തേടാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിൽ സൗകര്യങ്ങളോട് കൂടിയ മെഡിക്കൽ കോളേജെന്ന ആവശ്യം ഗൗരവകരമാണ്. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താൻ വന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. വന്യജീവി പ്രശ്നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലാതെ പോയതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വൈകരുത്. നഷ്ടപരിഹാര തുകയിൽ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

