കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്തെ ഹബ് ആക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭാവിയെ മുൻനിർത്തിയാണ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവയ്ക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്. യുവാക്കൾ അറിവിന്റെ രാഷ്ട്രീയം മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ കാലത്ത് തൊഴിൽ നേടിയാൽ പോര തൊഴിൽ ദാതാക്കളാകണം. വിദേശത്തേക്ക് പോയവരെ തിരികെ എത്തിക്കാനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവകേരളം സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിനായി വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടിക്കാണ് കോഴിക്കോട് തുടക്കം കുറിച്ചിരിക്കുന്നത്. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വിദ്യാർത്ഥികളുമായിട്ടായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മുഖാമുഖം. 20ന് തിരുവനന്തപുരം കവടിയാറിലെ ഉദയാപാലസ് കൺവെൻഷൻ സെന്ററിൽ യുവജനങ്ങളുമായി രണ്ടാമത്തെ മുഖാമുഖം പരിപാടി നടക്കും.
വനിതകളുമായുള്ള കൂടിക്കാഴ്ച എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ 22നാണ് നടക്കുന്നത്. 24ന് ദളിത്, ആദിവാസി വിഭാഗങ്ങളുമായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലും 25ന് സാംസ്‌കാരിക രംഗത്തുള്ളവരുമായി തൃശൂർ ലുലു കൺവെൻഷൻ സെന്ററിലും 26ന് ഭിന്നശേഷി വിഭാഗങ്ങളുമായി തിരുവനന്തപുരം ആർ ഡി ആർ കൺവെൻഷൻ സെന്ററിലും മുഖാമുഖം നടക്കും.
പെൻഷൻകാർ, വയോജനങ്ങൾ എന്നിവരുമായി 27ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ കൂടിക്കാഴ്ച നടക്കും. തൊഴിൽ മേഖലയിലുള്ളവരുമായി 29ന് കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിലും കാർഷിക മേഖലയിലുള്ളവരുമായി മാർച്ച് രണ്ടിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിലും റസിഡന്റ്‌സ് അസോസിയേഷനുകളുമായി മാർച്ച് 3ന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും മുഖാമുഖം പരിപാടി നടക്കും.

