സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഡപ്യൂട്ടി സെക്രട്ടറി മുതൽ സ്‌പെഷൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർ വ്യത്യസ്ത രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി.

അതേസമയം, കേരള മോട്ടർ വെഹിക്കിൾ റൂൾസ് 92 (എ) ഭേദഗതി ചെയ്യും. സർക്കാർ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനു നിലവിലുള്ള രീതികളും പരിഷ്‌കരിക്കും. ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷനൽ സെക്രട്ടറി, സ്‌പെഷൽ സെക്രട്ടറി എന്നിവരുടെ സ്വകാര്യ വാഹനങ്ങളിൽ തസ്തികയുടെ പേര് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കാൻ സർക്കാർ നേരത്തെ അനുവാദം നൽകിയിരുന്നു.

ഉദ്യോഗസ്ഥർ വാഹനങ്ങളിൽ ബോർഡുകൾ വ്യത്യസ്ത രീതിയിലാണ് സ്ഥാപിച്ചിരുന്നത്. ചിലർ സ്ഥാനപേരിനോടൊപ്പം ‘കേരള ഗവൺമെന്റ്’, ഗവൺമെന്റ് ഓഫ് കേരള’, ‘കേരള സെക്രട്ടേറിയറ്റ്’ തുടങ്ങിയ വാക്കുകൾ അധികമായി ചേർത്തു. ഇതു സംബന്ധിച്ച പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പുതിയ നടപടികൾ സ്വീകരിച്ചത്. ഇനി മുതൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കേണ്ടതില്ലെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. ഫയൽ ഗതാഗത മന്ത്രി കണ്ടശേഷം വിജ്ഞാപനം പുറത്തിറക്കും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ വാഹനങ്ങളിലാണ് കേരള സ്റ്റേറ്റ് എന്നു നിയമപ്രകാരം ഉപയോഗിക്കാൻ കഴിയുന്നത്. ഇക്കാര്യങ്ങളെല്ലാം വിജ്ഞാപനത്തിൽ വിശദമായി വ്യക്തമാക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.