മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന പിണറായി വിജയന് ഗവർണറോട് ഏറ്റുമുട്ടാൻ എന്ത് ധാർമികതയാണുള്ളത്; കെ സി വേണുഗോപാൽ

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗവർണറോട് ഏറ്റുമുട്ടാൻ എന്ത് ധാർമികതയാണുള്ളതെന്ന് കെ സി വേണുഗോപാൽ ചോദിച്ചു.

ബംഗാൾ മോഡലിലേക്ക് സി.പി.എമ്മിനെ എത്തിക്കുന്നതിനായി ക്വട്ടേഷനെടുത്ത നേതാവാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ ‘സമരാഗ്‌നി’ ജനകീയപ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നല്ല കമ്യൂണിസ്റ്റുകളുള്ള നാടാണ് കാസർഗോഡൊക്കെ. കഴിഞ്ഞ തവണ അവരു കൂടെ സഹായിച്ചാണ് ഉണ്ണിത്താൻ ഇത്രയേറെ ഭൂരിപക്ഷത്തിൽ ജയിച്ചത്. സിപിഎം കമ്യൂണിസ്റ്റുകളുടെ ആദർശങ്ങൾ നടപ്പിലാക്കുന്ന പാർട്ടിയോണോ. ബംഗാൾ മോഡലിലേക്ക് സിപിഎമ്മിനെ എത്തിക്കുന്നതിനായി ക്വട്ടേഷനെടുത്ത നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന് ബി.ജെ.പി വിരുദ്ധതയൊന്നുമില്ല. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഏത് കാര്യത്തോടും സഹകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും വേണുഗോപാൽ വ്യക്തമാക്കി.

കേരള സർക്കാർ ഡൽഹിയിൽ നടത്തുന്നത് നാടക സമരമാണ്. ദേശീയ തലത്തിൽ മോദിയെ നേരിടുന്നത് കോൺഗ്രസ് മാത്രമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.