ഹിന്ദുക്കൾ ചോദിച്ചത് മൂന്നേമൂന്ന് കേന്ദ്രങ്ങൾ; യോഗി ആദിത്യനാഥ്

ന്യൂഡൽഹി: കാശി, മഥുര വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിലാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. മഹാഭാരതത്തിൽ കൃഷ്ണൻ അഞ്ച് ഗ്രാമങ്ങൾ പാണ്ഡവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹിന്ദുക്കൾ മൂന്ന് വിശ്വാസ കേന്ദ്രങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് യോഗി പറഞ്ഞു. രാംധാരി സിംഗ് ദിനകറിന്റെ രശ്മിരതി എന്ന പുസ്തകത്തിലെ ‘കൃഷ്ണ കി ചേതാവനി’ എന്ന കവിത ഉദ്ധരിച്ചായിരുന്നു യോഗിയുടെ പരാമർശം.

അയോധ്യയോട് അനീതി നടന്നു. അനീതിയെക്കുറിച്ച് പറയുമ്പോൾ, 5,000 വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം ഓർക്കുകയാണ്. അന്ന് ഭഗവാൻ കൃഷ്ണൻ പാണ്ഡവർക്കായി കൗരവരോട് പകുതി രാജ്യം ആവശ്യപ്പെട്ടു. അത് ബുദ്ധിമുട്ടാണെങ്കിൽ അഞ്ച് ഗ്രാമങ്ങളെങ്കിലും നൽകാൻ ആവശ്യപ്പെട്ടു. ഇവിടെ തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വെറും മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. ദൈവങ്ങൾ സ്വയം അവതരിച്ച സ്ഥലങ്ങളാണിവ. ദുര്യോധനന്റെ പോൽ ഇവിടെയും കടുംപിടുത്തമുണ്ടെന്ന് യോഗി ചൂണ്ടിക്കാട്ടി.

കടുംപിടുത്തത്തെ രാഷ്ട്രീയം ചേർത്ത് വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ തർക്കമുണ്ടാകുമെന്നും യോഗി പറഞ്ഞു. പൊതുവിശ്വാസം അനാദരിക്കപ്പെടുന്നതും ഭൂരിപക്ഷം ജനങ്ങളും അപേക്ഷിക്കുന്നതും ഇതാദ്യമായാണ്. ഞങ്ങൾ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടത്, മറ്റ് സ്ഥലങ്ങളിൽ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.