ന്യൂഡൽഹി: കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരവേദിയിൽ പിന്തുണയുമായി എത്തി ആം ആദ്മി നേതാക്കൾ. 70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികൾ ആണ് പ്രതിനിധീകരിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
കേന്ദ്രം പ്രതിപക്ഷത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരെ ഭാരതത്തിലെ ജനങ്ങൾ ആയാണോ കേന്ദ്രം കാണുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. സംസ്ഥാന വിഹിതം കിട്ടാൻ ചെറിയ കാര്യങ്ങൾക്കും സുപ്രീം കോടതിയിൽ പോകേണ്ട ഗതികേടാണുള്ളത്. ജന്തർ മന്തറില് വന്നിരിക്കേണ്ട അവസ്ഥയാണ്. നാട്ടിൽ എങ്ങനെ വികസനം നടക്കും. ഇംഗ്ലീഷുകാർ പോലും ഇത്രയും പണം ജനങ്ങളിൽ നിന്നും കൊള്ളയടിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രം അർഹത പെട്ടത് നൽകിയില്ലെങ്കിൽ പിന്നെ എങ്ങനെ സംസ്ഥാനം പ്രവർത്തിക്കും. തങ്ങൾ ഒന്നും കുടുംബത്തിലേക്ക് കൊണ്ടുപോകാൻ അല്ല ഇത് ചോദിക്കുന്നത്. വിചാരണ കൂടാതെ ആളുകളെ ജയിലിൽ അടയ്ക്കാൻ ഇഡിയെ ഉപയോഗിക്കുന്നു, ഇത് നീതി നിഷേധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു, കുറ്റം എന്തെന്ന് ആർക്കും അറിയില്ല. നാളെ കെജ്രിവാളും, പിണറായിയും അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും. കാലചക്രം തിരിയുകയാണെന്ന് ബിജെപി ആലോചിച്ചാൽ നല്ലത്. നാളെ നിങ്ങൾ ഇരിക്കുന്നിടത്ത് തങ്ങൾ വരുമെന്നും അഹങ്കരിക്കരുതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

