സുപ്രീംകോടതിയുടേത് നരേന്ദ്ര മോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികൾ; വിവാദപരാമർശവുമായി എം എ ബേബി

കണ്ണൂർ: സുപ്രീംകോടതിയ്ക്ക് എതിരെ വിമർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി. സുപ്രീംകോടതിയുടേത് നരേന്ദ്ര മോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികളാണെന്ന് അദ്ദേഹം പറഞ്ഞു. നാണമില്ലേ സുപ്രീം കോടതിയെന്ന് ചോദിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.വിമർശനത്തിന്റെ പേരിൽ കേസെടുത്താലും പ്രശ്നമില്ല. കാര്യങ്ങൾ അങ്ങനെയെങ്കിലും സുപ്രീംകോടതിയിൽ അറിയിക്കാമല്ലോയെന്നും എം എ ബേബി അഭിപ്രായപ്പെട്ടു. കണ്ണൂരിൽ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ വിധി രാജ്യത്തിന് അപമാനകരമാണ്. ഇടയ്ക്ക് ചില കേസുകളിൽ സുപ്രീംകോടതി നിഷ്പക്ഷമായ വിധി പ്രഖ്യാപിക്കും. അതും മോദിക്ക് പ്രശ്നം ഉണ്ടാക്കാത്ത വിഷയത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റിനെതിരെയും കഴിഞ്ഞ ദിവസം അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ലെന്നും എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ബജറ്റിൽ അദാനിക്കും അംബാനിക്കും പോലുള്ളവർക്ക് നിരാശയുണ്ടാവില്ല. അംബാനിക്കും അദാനിക്കും വേണ്ടി കരാർ പണി എടുത്ത് നൽകാനായി കേന്ദ്ര ഗവൺമെന്റ് നിൽക്കുകയാണ്. ജനങ്ങളെ പറ്റിക്കാൻ നരേന്ദ്ര മോദി ചെയ്തു വന്ന കാര്യങ്ങൾ ഈ ബജറ്റിലും കാണാം. സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചിട്ടില്ല. സ്ഥിതി വിവരക്കണക്കുകൾ നിർത്തി വച്ചിരിക്കുകയാണെന്നും എം എ ബേബി അറിയിച്ചു.