തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി; മരണകാരണം ഹൃദയാഘാതം

മാനന്തവാടി: തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ മുഴ ഉണ്ടായിരുന്നു. അത് പഴുത്തു. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്നും വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.

തണ്ണീർക്കൊമ്പന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത് കർണാടക, കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ്. രാവിലെ തുടങ്ങിയ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിട്ട് മൂന്നു മണിയോടെ പൂർത്തിയായി. വെള്ളിയാഴ്ച പുലർച്ചെ മാനന്തവാടി ടൗണിലെത്തിയ കാട്ടാനയെ വൈകിട്ട് അഞ്ചരയോടെയാണ് മയക്കുവെടിവച്ചത്. ആനയെ രാത്രി പത്തരയോടെ ലോറിയിൽ കയറ്റി കൊണ്ടുപോയി കർണാടകയിലെ ബന്ദിപ്പുർ വന്യജീവി സങ്കേതത്തിൽ എത്തിക്കുകയായിരുന്നു.

പുലർച്ചെയാണ് ആന ചരിഞ്ഞത്. ആനയെ മയക്കുവെടിവച്ചു വാഹനത്തിൽ കയറ്റുന്ന സമത്തുതന്നെ ആന അവശനായിരുന്നു.