ന്യൂഡൽഹി: ഡൽഹിയിൽ എഎപി, ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. എഎപി പ്രവർത്തകരിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിന്റെയും അരവിന്ദ് കേജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിന്റെയും പശ്ചാത്തലത്തിലാണ് എഎപി പ്രതിഷേധ പ്രകടനം നടത്തിയത്.
നൂറുകണക്കിന് എഎപി പ്രവർത്തകരാണ് ഡൽഹിയിൽ നടന്ന മാർച്ചിൽ പങ്കെടുത്തത്. പാർട്ടി പതാകകളുയർത്തി മുദ്രാവാക്യം മുഴക്കി മുന്നോട്ടുനീങ്ങുന്ന പാർട്ടി പ്രവർത്തരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ചെറിയ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുമെങ്കിൽ ലോക്സഭാനിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവർക്ക് എന്തെല്ലാം ചെയ്യാനാകും. ബിജെപിക്ക് ജനാധിപത്യം ആവശ്യമില്ല. അധികാരത്തിനായി അവർക്ക് രാജ്യത്തെ വിൽക്കാൻ പോലും കഴിയും. എന്നാൽ രാജ്യം നശിച്ചുപോകാൻ തങ്ങൾ അനുവദിക്കില്ലെന്ന് കെജ്രിവാൾ അറിയിച്ചു.
കേജ്രിവാൾ ഇരവാദം ഉയർത്തുകയാണെന്നാരോപിച്ചാണ് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത്. ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് അരവിന്ദ് കേജ്രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ മടിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു.

