ബംഗളൂരു: ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളുരു കോടതി. സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് കോടതിയുടെ നടപടി. ജനപ്രതിനിധികൾക്കെതിരായ കേസ് കേൾക്കുന്ന പ്രത്യേക കോടതിയിൽ ബെംഗളുരു സ്വദേശി പരമേശ് എന്ന വ്യക്തിയാണ് ഉദയനിധി സ്റ്റാലിനെതിരെ ഹർജി സമർപ്പിച്ചത്. മാർച്ച് 4-ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നായിരുന്നു സമൻസിൽ വ്യക്തമാക്കിയിരുന്നത്.
കഴിഞ്ഞ സെപ്റ്റംബർ മാസമാണ് തമിഴ്‌നാട് മന്ത്രി എം കെ സ്റ്റാലിൻ സനാതന ധർമ്മത്തെ കുറിച്ച് വിവാദ പരാമർശം നടത്തിയത്. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കേണ്ടതാണെന്നായിരുന്നു സ്റ്റാലിൻ നടത്തിയ പരാമർശം. സംഭവം വിവിവാദമായതിന് പിന്നാലെ ഉദയനിധി സ്റ്റാലിൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ജാതിവ്യവസ്ഥയെയാണ് താൻ എതിർക്കുന്നതെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിശദീകരണം.
സനാതന ധർമ പരാമർശത്തിൽ നേരത്തെ ഉദയനിധി സ്റ്റാലിന് ബിഹാർ കോടതി സമൻസ് അയച്ചിരുന്നു. പട്‌നയിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതിയിൽ ഫെബ്രുവരി 13ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ് അയച്ചത്.

