തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഗവർണർ. സർവകലാശാല അധ്യാപകരായ ഡോ പി രവീന്ദ്രൻ, ഡോ വാസുദേവൻ ടി എം എന്നിവരുടെ നോമിനേഷൻ തള്ളിയ റിട്ടേർണിങ് ഓഫീസറായ സർവകലാശാല രജിസ്ട്രാറുടെ നടപടിക്കെതിരെ ഈ അധ്യാപകരും സെനറ്റ് അംഗം ഡോ വി എം ചാക്കോയും നൽകിയ പരാതിയെ തുടർന്നാണ് ഗവർണറുടെ ഇടപെടൽ.
വിഷയത്തിൽ രേഖകൾ ഹാജരാക്കണമെന്ന് വൈസ് ചാൻസലറോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. സർവകലാശാല അധ്യാപകരായ ഡോ പി രവീന്ദ്രൻ സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസ്സറും ഡോ വാസുദേവൻ ടി എം ലൈബ്രറി വിഭാഗം പ്രൊഫസ്സറുമാണ്. ഗവർണർ നോമിനികളായി അവർ സെനറ്റിൽ വന്നതിനാൽ സർവകലാശാല ആക്ടിലെ പതിനേഴാം വകുപ്പ് അനുസരിച്ചാണ് നോമിനേഷനുകൾ തള്ളിയതെന്നാണ് റിട്ടേർണിങ് ഓഫീസർ അറിയിച്ചിട്ടുള്ളത്.
എന്നാൽ, ആക്ടിന്റെ ഒരിടത്തും നോമിനേറ്റഡ് ആയി വന്നവർ സർവകലാശാല അധ്യാപക ക്വാട്ടയിലേക്കു മത്സരിക്കാൻ പാടില്ലെന്ന് പറയുന്നില്ലെന്നാണ് റിട്ടേണിങ് ഓഫീസറുടെ നടപടിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

