വിജയ് സജീവ രാഷ്ട്രീയത്തിലേക്ക്; പാർട്ടി രജിസ്റ്റർ ചെയ്തു

ചെന്നൈ: രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് തമിഴ് സൂപ്പർതാരം വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകൾ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നീക്കമാണെന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ വർഷം ചെന്നൈയിൽ വിജയ് തമിഴ്‌നാട്ടിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയ് മക്കൾ ഇയക്കം നിർധന വിദ്യാർത്ഥികൾക്ക് പഠനത്തിന് സൗകര്യം നൽകുന്ന ട്യൂഷൻ സെന്ററുകൾ ആരംഭിച്ചിരുന്നു. കർഷകർക്ക് സൗജന്യമായി കന്നുകാലികളെ നൽകാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന സൂചനയും വിജയ് മുൻപ് നൽകിയിരുന്നു.