തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടികൾക്കെതിരായ ഒന്നിച്ചുള്ള പോരാട്ടത്തോടുള്ള കോൺഗ്രസിന്റെ വിമുഖത സംസ്ഥാന താല്പര്യങ്ങളോടുള്ള മുഖംതിരിഞ്ഞു നിൽക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അവഗണനക്കും, കേരളത്തിന് അർഹമായ ഫണ്ട് വെട്ടിക്കുറക്കുന്നതിലും, വായ്പ നിയന്ത്രണം ഏർപ്പെടുത്തിയതിനും എതിരെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന സമരത്തെ കോൺഗ്രസ് സമ്മേളനമായി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോൾ തങ്ങൾക്ക് മുട്ടു വിറക്കില്ല. ഡൽഹിയിലേത് സമ്മേളനം അല്ല ,സമരം തന്നെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അഭിസംബോധന ചെയ്യാൻ ദേശീയ നേതാക്കളെ ക്ഷണിച്ചതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഒറ്റക്ക് പോകാൻ അല്ല ആഗ്രഹിച്ചത്. ആദ്യമായി ചർച്ച ചെയ്തത് യുഡിഎഫുമായിട്ടാണ്. ഒന്നിച്ചു സമരം നടത്തിയാൽ എന്താണ് വിഷമം. സാമ്പത്തിക സ്ഥിതിയിൽ കേന്ദ്രം പറയുന്ന വാദം പ്രതിപക്ഷം ആവർത്തിക്കുകയാണ്. ഡൽഹി സമരത്തിൽ നിന്നുള്ള പിന്മാറ്റത്തിൽ യുഡിഎഫ് പുനരാലോചന നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സർക്കാരിനെ എങ്ങനെയെല്ലാം ദുർബലപ്പെടുത്താം എന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്. പ്രതിപക്ഷം എല്ലാകാര്യത്തിനും സർക്കാരിനെ പിന്തുണയ്ക്കേണ്ട. വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനുമുള്ള അവകാശത്തെ മാനിക്കുന്നു. എന്നാൽ വാലും തലയുമില്ലാത്ത ആരോപണങ്ങളുമായി അസത്യങ്ങളുടെ ഘോഷയാത്രയുമായി നിങ്ങൾ നടത്തുന്ന പടപ്പുറപ്പാട് അത് ആര് തൃപ്തിപ്പെടുത്താൻ ഉള്ളതാണെന്ന് നിങ്ങൾ തന്നെ ആലോചിക്കെണം. അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ദിനത്തിൽ എന്താണ് കോൺഗ്രസ് ചെയ്തത്. രാഹുൽ ഗാന്ധി തന്നെ ക്ഷേത്ര ദർശനത്തിനാണ് ശ്രമിച്ചത്. തീവ്ര വർഗീയതയെ മൃദു വർഗീയത കൊണ്ട് നേരിടാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

