വാരാണസി: ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് കോടതിയുടെ അനുമതി. വാരാണസിയിലെ കോടതിയാണ് ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താൻ അംഗീകാരം നൽകിയത്. മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’യിലെ പൂജയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ 7 ദിവസത്തിനകം ഒരുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഗ്യാൻവാപിയിൽ എല്ലാവർക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ ലഭ്യമായെന്നായിരുന്നു ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ അറിയിച്ചത്.
ഗ്യാൻവാപി മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയെന്നായിരുന്നു ഹിന്ദുവിഭാഗത്തിന്റെ അവകാശവാദം. മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്തെ ചുമർ നേരത്തേയുണ്ടായിരുന്ന ക്ഷേത്രത്തിന്റെ തന്നെ ഭാഗമാണ്. ഇതു കല്ലുകൊണ്ടു നിർമിച്ച് അലങ്കരിച്ചതാണ്. മസ്ജിദിലെ തൂണും മറ്റും നേരത്തേയുണ്ടായിരുന്ന കെട്ടിടത്തിലേതു പരിഷ്കരിച്ച് ഉപയോഗിച്ചതാണ്. തൂണുകളിലെ കൊത്തുപണികളിൽ മാറ്റം വരുത്താനുള്ള ശ്രമവും പ്രകടമാണ്. നേരത്തേയുണ്ടായിരുന്ന മന്ദിരത്തിനു മുകളിൽ ഇപ്പോഴത്തേതു നിർമിച്ചതായാണ് കാണപ്പെടുന്നത്.
17-ാം നൂറ്റാണ്ടിൽ ഔറംഗസേബിന്റെ കാലത്തു നേരത്തേയുണ്ടായിരുന്ന മന്ദിരം തകർത്തതാകാം. സമുച്ചയത്തിന്റെ ഭാഗമായ അറകളിലും മറ്റും ശിൽപങ്ങളുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട 34 ശിലാലിഖിതങ്ങൾ കണ്ടെത്തി. ഇതിൽ, ദേവനാഗരി, തെലുങ്ക്, കന്നഡ ഭാഷങ്ങളിലെ പൗരാണിക ഹിന്ദു ക്ഷേത്ര ലിഖിതങ്ങളും ഉണ്ട്. ജനാർദന, രുദ്ര, ഉമേശ്വര എന്നിങ്ങനെ 3 ആരാധനാമൂർത്തികളുടെ പേരും കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ ഇപ്രകാരം കണ്ടെത്തലുകളുണ്ടെന്നും വിഷ്ണു ശങ്കർ ജെയിൻ അറിയിച്ചു.

